‘എഴുത്താണെനിക്ക് ജോലി
അരച്ചായെനിക്ക് കൂലി
എഴുതിക്കുന്നോർക്കിത് ജോളി
എനിക്കെന്നും കീശ കാലി…’
ഇത് ഒരു മപ്പിളകവിയുടെ വരികളാണു. വ്യക്തമായി പറഞ്ഞാൽ താനെഴുതിയ കവിതകൾ പ്രസിദ്ധീകരണങ്ങൾക്ക് അയച്ചുകൊടുത്തിട്ടും ഒന്നും അച്ചടിച്ച് വരികയോ ചുരുങ്ങിയ പക്ഷം മാന്യമായ ഒരു മറുപടിയോ ഇല്ലാതെ വന്നപ്പോൾ ഒടുക്കം മനം മടുത്ത് ഈ ചിറ്റമ്മ നയ സമീപനത്തെ പ്രമേയമാക്കി ആക്ഷേപഹാസ്യതിന്റെ തീഷ്ണമായ ഭാഷയിൽ ‘ഫലം കായ്ക്കുന്ന പടുവൃക്ഷം’ എന്ന പേരിൽ
“ഓരോ തവണയുമോരോ ദുഖം
ഓരോ കവിതയില്‍ ഞാനെഴുതിയയച്ചു
ആരും അതിനൊരു വീര്യം കരുതുക
പാരിടമിൽ ഇല്ലെന്നു നിനച്ചു.
പേരും പെരുമയെനിക്കില്ലെന്ന
പരാതിയതാണതിനുള്ളിലെ സത്യം
പേരുള്ളവനൊരു പേന പിടിച്ചാല്‍
പിറ്റേന്നതിനൊരു പേജ് മഹത്വം
ചെറിയവന്‍ വലിയൊരു കാര്യം ചൊന്നാൽ
ചെകിടന്മാരായ് സകലമിരിക്കും
ചെറിയൊരു കാര്യം വലിയവന്‍ ചൊന്നാൽ
ചെകിടന്‍ പോലും ചെവിയോർക്കും ..” കവിത എഴുതി ചന്ദ്രിക ബാലപംക്തിയിലൂടെ പ്രസിദ്ധീകരിച്ച് അരിശം തീർത്ത മഹാ മാപ്പിളകവി കെ ടി മൊയ്തീൻ സാഹിബിന്റെ വരികൾ.. ഇത്രയും എഴുതിയത് ഉത്തര കേരളത്തിൽ താനെഴുതിയ മപ്പിളപ്പാട്ടുകൾക്ക് അരച്ചായയും പാതിബീഡിയും കൂലി ലഭിച്ച ഒരു മാപ്പിളകവിയെ കുറിച്ച് പറയാനാണു. മറ്റാരുമല്ല അത്. ചന്ദഗിരിപുഴയെ ഗതിമാറ്റി അനന്തപുരിയിലേക്ക് ഒഴുക്കിയ മാപ്പിള മഹാകവി ടി ഉബൈദ് സാഹിബിനു ശേഷം ഉത്തരദേശം ദർശിച്ച അതുല്ല്യ പ്രതിഭ. രചയിതാവിനെ അറിയില്ലെങ്കിലും ഇന്നും മാപ്പിളഗാന പ്രേമികൾ മൂളിനടക്കുന്ന പല ശീലുകളുടേയും രചയിതാവ് എം കെ അഹമദ് പള്ളിക്കര.
സ്വതസിദ്ധമായ ശൈലിയിൽ മാപ്പിളപ്പാട്ട് രചന നടത്തി തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച് ആസ്വാദകഹൃദയങ്ങളിൽ ചിരപ്രതിഷ്‌ഠനേടി കാലയവനികക്കുള്ളിൽ മറഞ്ഞുപോയ കവിയാണു എം കെ. പള്ളിക്കരയിലെ ആലക്കോട് സൂഫി ഹാജിക്കും തലശേരി ചാലില്‍ ഫാത്തിമയ്‌ക്കും പിറന്ന മകനിലെ ഈ രചനാ കഴിവ് തന്റെ മദ്രസ പഠനക്കാലത്ത് തന്റെ ഉസ്താദണു കണ്ടെത്തി പ്രോത്സാഹിപ്പിച്ചെത്. ഹസറത്ത് ബിലാൽ(റ)വിന്റെ ത്യാഗപൂർണമായ ചരിതം പറയാൻ മഹാകവി പി ടി അബ്ദുൽ റഹിമാൻ സാഹിബ് “കറുത്ത മുത്ത്” എന്ന പേരിൽ ഒരു പാട്ട് പുസ്തകം തന്നെ രചിച്ചെങ്കിലും എം കെ യുടെ 'പാടി ബിലാലെന്ന പൂങ്കുയിലെ പണ്ട് പാവന ദീനിന്‍ തേനിശല് “ എന്ന വരികളെ പോലെ ആസ്വാദക മനസ്സുകളെ സ്വാദീനിക്കാനയില്ല എന്നത് ഓർക്കേണ്ടതുണ്ട്. വറുതി മൂലം ജീവിതം പൊറുതി മുട്ടിയപ്പോൾ ഒരു ചോർന്നൊലിക്കാത്ത ഒരു കൂര പണിയാൻ കഴിയാത്തതിനാൽ തന്റെ പല രചനകളും മഴചാറ്റലേറ്റ് കുതിർന്ന് നഷ്ടപ്പെട്ടു എന്നത് എത്ര ദുഖം.
മാപ്പിളശീലുകൾക്ക് കമ്പിയും പ്രാസവുമൊക്കെ ഇല്ലാതെയാവുന്നത് ‘മാപ്പിളപ്പാട്ടിന്ന് കമ്പി പ്രാസമില്ലാതായി / അഞ്ജനം പോലെ വെളുത്ത് മഞ്ഞള് പോലായി’എന്നെഴുതി പാടി കമ്പിയും പ്രാസവും വേണമെന്ന് പറഞ്ഞ കെ ടിയെ പോലെ എം കെയും തന്റെ രചനയിൽ പരിഗനിച്ചിരുന്നു. തിരൂരങ്ങാടി മുഹമ്മദ് കുട്ടി ആന്റ് സണ്സിഴന് എഴുതിക്കൊടുത്ത് എം.പി ഉമ്മർ കുട്ടി പാടിയ “അപ്പങ്ങളെമ്പാടും ചുട്ടമ്മായി“ എന്ന ഗാനം ‘റോക്കിന്റെ അമ്മിയിൽ അരച്ചു പരുവപ്പെടുത്തി ഗോപീസുന്ദർ “ഉസ്താദ് ഹോട്ടലിൽ” വിളമ്പുന്നത് വരെ കെ ടി അറിയാത്തത് പോലെ എം കെയും തന്റെ പലപാട്ടുകളും പലയിടത്തും എത്തിയതറിന്നിരുന്നില്ല പോലും. കത്തുന്ന ഖർബല, ഇല്ല ഉമറിന്റെ വിധിന്യായമിവിടെ, തിരുത്വാഹ മുത്ത് റസൂലുല്ലാന്റെ, തുടങ്ങി ഇന്നും മാപ്പിളപ്പാട്ട് വേദിയിൽ ജീവിക്കുന്ന പലപാട്ടുകളുടേയും രചയിതാവ് എം കെയാണെന്ന് പാടുന്നവർക്ക് പോലുമറിയില്ല എന്നതാണ് വലിയ ശരി.
----- റഊഫ് ഇരുമ്പുഴി ----
Comments