top of page
  • Raoof Irumbuzhi

എം.വി ഹൈദ്രോസ്‌ വക്കീൽ

സ്വാതന്ത്രപൂർവ ഭാരതത്തിൽ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാറിൽ മുസ്‌ലിംലീഗ് രാഷ്ട്രീയത്തിനും കേരള മുസ്‌ലിം വിദ്യാഭ്യാസ നവോത്ഥാനത്തിന്റെ പേറ്റുനോവ് അനുഭവിച്ച ഫാറൂഖ് കോളജിനും അനല്പമായ സംഭാവനകൾ അർപ്പിച്ച ഒരു രാഷ്ട്രീയ- വിദ്യാഭ്യാസ പ്രവർത്തകനായിരുന്നു അഡ്വ: എം വി ഹൈദ്രോസ് . വിദ്യാഭ്യാസ മുന്നേറ്റത്തിലൂടെ മാത്രമേ ന്യൂനപക്ഷ സമൂഹത്തിന് പുരോഗതിയുടെ ചവിട്ടു പടികൾ കയറി ഉന്നതി പ്രാപിക്കാനാവൂ എന്ന് തിരിച്ചറിഞ്ഞ് പുറമ്പോക്കിലാകുമായിരുന്ന ഒരു ജനതയുടെ ഉമ്മറത്ത് അക്ഷര വിപ്ലവം തീർക്കാൻ ഫാറൂഖാബാദ് വസന്തത്തെ പാകപ്പെടുത്തിയ ധിഷണാശാലികാലിൽ ഒരു മുഖ്യ കണ്ണിയായിരുന്നു അദ്ദേഹം.


1910 ഫെബ്രുവരി 7 ന് ചാവക്കാടിനടുത്താണ് ഹൈദ്രോസ് സാഹിബിന്റെ ജനനം. സ്‌കൂൾ വിദ്യാഭ്യാസത്തിനു ശേഷം മദ്രാസ് മുഹമ്മദൻ കോളേജിൽ (1849-ൽ സ്ഥാപിതമായ ഈ സ്ഥാപനം 1895 ആയപ്പോഴേക്കും മദ്രസ-ഐ-അസംഎന്ന നാമത്തിൽ ദക്ഷിണേന്ത്യയിലെ പ്രധാന മുസ്ലീം സ്കൂളായി അറിയപ്പെട്ടിരുന്നു. 1934-ൽ സ്വന്തം കെട്ടിടം നിർമിച്ചു സർക്കാർ മുഹമ്മദൻ കോളേജായി ഉയർത്തി) നിന്നും ബിരുദം നേടി. തുടർന്ന് മദ്രാസ് ലോ കോളേജിൽ നിന്ന് നിയമ ബിരുദവും നേടി. ചാവക്കാട്ടെ ആദ്യത്തെ ബി.എല്‍. ബിരുദധാരി ഹൈദറൂസ് വക്കീലായിരുന്നു എന്നും പറയപ്പെടുന്നുണ്ട് .


രാഷ്ട്രീയത്തിൽ :


പഠന ശേഷം രാഷ്ട്രീയത്തിൽ ഇറങ്ങി . 1931 കോൺഗ്രസ്സിൽ ചേർന്ന് കൊണ്ടാണ് പ്രാരംഭം കുറിക്കുന്നത് . 1936-37 കളിൽ മദ്രാസ് അസംബ്ലിയിലേക്ക് നടന്ന വാശിയേറിയ പൊതു തെരഞ്ഞെടുപ്പിൽ മലബാറിൽ ശക്തമായ മത്സരത്തിന് വഴിയൊരുങ്ങി. പൊതു മണ്ഡലങ്ങൾ 8, മുസ്ലിം പ്രത്യേക മണ്ഡലങ്ങൾ 6, ക്രിസ്ത്യൻ മണ്ഡലം 1, ജന്മി മണ്ഡലം 1, തൊഴിലാളി മണ്ഡലം 1, സ്ത്രീ മണ്ഡലം 1, എന്നിങ്ങിനെയായിരുന്നു മലബാറിലെ നിയമസഭാ മണ്ഡലങ്ങളുടെ ക്രമീകരണം. കോൺഗ്രസ്സിൽ ശക്തമായ ഗ്രൂപിസം നിലനിന്നിരുന്ന കാലവുമായിരുന്നത് . രണ്ടു ചേരികൾ വളരെ ശക്തമായിരുന്നു എന്ന് പറയപ്പെടുന്നുണ്ട് . ഒന്ന് മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ നിലപാടുള്ള വാമ കക്ഷി മറ്റൊന്ന് കോഴിപ്പുറത്ത് മാധവമേനോൻ, ഭാര്യ എ.വി.കുട്ടിമാളുവമ്മ, കേളപ്പൻ തുടങ്ങിയവർ നേത്രത്വം കൊടുത്തിരുന്ന ചാലപ്പുറം പക്ഷം. ഈ ഗ്രൂപ്പിസം നിമിത്തമാണ് മലപ്പുറത്ത് നിന്നും സഭയിലെത്തിയ അബ്ദുൽ റഹ്മാൻ സാഹിബിനു മന്ത്രിയാകാൻ എന്തുകൊണ്ടും യോഗ്യനായിട്ടും താഴെപ്പെട്ടത്. പകരം പൊന്നാനി ജനറൽ സീറ്റിൽ നിന്ന് വിജയിച്ച ചേറ്റുവ മണപ്പുറം കോങ്ങാട്ടിൽ രാമ മേനോൻ ആണ് നിയമ-തൊഴിൽ വകുപ്പ് മന്ത്രിയായത്.


പ്രസ്തുത തിരഞ്ഞെടുപ്പിൽ എം വി ഹൈദ്രോസ് വക്കീലും മത്സരത്തിനീറങ്ങി. പൊന്നാനി പാലക്കാട് താലൂക്കുകൾ ഉൾപ്പെട്ട പാലക്കാട് മുസ്ലിം പ്രത്യേക ദ്വയാംഗ മണ്ഡലത്തിലായിരുന്നു അദ്ദേഹം സ്ഥാനാർഥി. ഓരോരുത്തർക്കും പ്രത്യേയക വർണ്ണത്തിലുള്ള പെട്ടികളായിരുന്നു അടയാളം. പാലക്കാട്ടുകാരനായ ഷൈഖ് മുഹമ്മദ് റാവുത്തർ പച്ച പെട്ടി, കുറ്റിപ്പുറം കൂടല്ലൂർ സ്വദേശി മൊയ്തീൻ കുട്ടി സാഹിബ് ( ഇദ്ദേഹം പിന്നീട് മുസ്ലിം ലീഗിൽ ചേർന്നിരുന്നു. കോൺഗ്രസ്സിന്റെ കൈപ്പത്തിക്കടിയിൽ മൗനികളായി അടങ്ങിയൊതുങ്ങി നല്ലപിള്ളകളായി കഴിഞ്ഞിരുന്ന '' ദേശീയ മുസ്ലിം''കളിൽ പലപ്രമാണിമാരും കോൺഗ്രസ്സ് വിട്ട് ലീഗിലെത്തിയ സന്ദർഭത്തിൽ 1946 ജനുവരി മാസത്തിൽ സർവ്വേന്ത്യാ മുസ്ലിം ലീഗ് “Why I joined Muslim League” അഥവാ ''ഞാൻ എന്തുകൊണ്ട് ലീഗായി'' എന്ന തലവാചകത്തിൽ ലീഗിലേക്ക് കടന്നു വന്ന കോൺഗ്രസ്സ് പ്രമുഖരുടെ അഭിപ്രായങ്ങൾ ഉൾക്കൊള്ളിച്ച് പ്രസിദ്ധീകരിച്ച ലഘുലേഖയിൽ മൊയ്‌തീൻ കുട്ടി സാഹിബിന്റെ അഭിപ്രായം “I am also convinced that the Muslim League is the only authoritative organization of the Mussalmans of India.” ഇങ്ങിനെ രേഖപ്പെടുത്ത്തിയതായി കാണാം. 1948 മാർച്ച് 10നു മദിരാശിയിൽ ചേർന്ന മുസ്ലിം ലീഗ് കൺവെൻഷനിൽ പങ്കെടുത്ത പലരും ലീഗ് ഇനി സ്വതന്ത്ര ഇന്ത്യയിൽ വേണ്ട എന്ന് തീരുമാനിച്ചപ്പോൾ ലീഗ് നില നിർത്തണം എന്ന് പ്രമേയം അവതരിപ്പിച്ച വ്യക്തിയാണ് ഇദ്ദേഹം . പക്ഷെ ലീഗ് ഒന്ന് പിച്ചവെച്ച് നടക്കുന്നതിന്റെ മുമ്പ് തന്നെ അദ്ദേഹം മറ്റു പലരെയും പോലെ ഭീരുത്വം കൊണ്ടോ മറ്റോ ലീഗ് വിട്ടുപോയി. അങ്ങിനെ കോൺഗ്രസിലേക്ക് ചേക്കേറിയ അദ്ദേഹം പിന്നീട് വീണ്ടും ഹരിത രാഷ്ട്രീയം സ്വീകരിച്ചുവെങ്കിലും കാര്യമായ ഒരു സംഭാവനയും അർപ്പിക്കാനാവാതെ വിസ്‌മൃതിയുടെ പുറമ്പോക്കിലേക്ക് തള്ളപ്പെട്ടു. ) നീല പെട്ടി, പൊന്നാനി സ്വദേശി കെ വി നൂറുദ്ദീൻ മഞ്ഞപ്പെട്ടി, പ്രസ്തുത ഹൈദ്രോസ് വക്കീൽ വെള്ളപ്പെട്ടി എന്നിങ്ങനെയായിരുന്നു അടയാളങ്ങൾ. പാലക്കാട് നിന്നും മുഹമ്മദ് റാവുത്തറും മൊയ്തീൻകുട്ടി സാഹിബുമാണ് വിജയിച്ചത്. ആ തിരഞ്ഞെടുപ്പിൽ ഏറനാട് വെള്ളുവനാട് ഉൾപ്പെട്ട മലപ്പുറം മുസ്ലിം പ്രത്യേക അംഗം മണ്ഡലത്തിൽ അബ്ദുൽ റഹ്മാൻ സാഹിബും മത്സരിച്ചു വിജയിച്ചിരുന്നു.


മുസ്ലിം ലീഗിൽ :


1937 ലാണ് അദ്ദേഹം ലീഗ് രാഷ്ട്രീയത്തിന്റെ ഭാഗമാവുന്നത്. സര്‍വ്വേന്ത്യാ മുസ്ലിം ലീഗിന്‍റെ ശാഖകള്‍ ചെറിയ തോതിൽ 1917 ല്‍ കോഴിക്കോടും തലശ്ശേരിയിലും നിലവില്‍വന്നിരുന്നു. പക്ഷെ അവ അധികം കാലം മുന്നോട്ട് പോയില്ല. ജനകീയ പാര്‍ട്ടികള്‍ രാഷ്ട്രീയമായി ഐഡന്‍റിഫിക്കേഷന്‍ ചെയ്യപ്പെടാത്ത ഒരു കാലമായിരുന്ന 1934 ല്‍ സെന്‍ട്രല്‍ അസംബ്ലി (പാര്‍ലമെന്‍റ്)ലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ സത്താര്‍ സേട്ട് മത്സരിച്ചു വിജയിച്ചു. ഇത് ഒരു പരിധിവരെ കേരള മുസ്ലിം രാഷ്ട്രീയത്തിന്‍റെ ചരിത്രത്തില്‍ ദൂരവ്യാപകമായ ഭാവി ഫലങ്ങള്‍ ഉളവാക്കാൻ ഹേതുഇവയി. തുടര്‍ന്ന് 1936 ല്‍ സത്താര്‍ സേട്ട്, സീതി സാഹിബ്, പോക്കര്‍ സാഹിബ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ തലശ്ശേരിയില്‍ വീണ്ടും മുസ്ലിംലീഗ് രൂപീകൃതമാകാൻ അവസരമൊരുങ്ങി.


"ശക്തമായ ബ്രൈക്കുള്ള എന്നാല്‍ എഞ്ചിനില്ലാത്ത വണ്ടി" എന്ന് നെഹ്റു പരിഹസിച്ച ഇന്ത്യാ ഗവണ്‍മെന്‍റ് ആക്റ്റ് ( Government of India Act) 1935ൽ നിലവിൽ വന്നു. ഇതോടെ വീണ്ടും തലശ്ശരിയിൽ 1936 ല്‍ സത്താര്‍ സേട്ട്, സീതി സാഹിബ്, പോക്കര്‍ സാഹിബ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ മുസ്ലിംലീഗ് രൂപീകരിക്കാൻ സാഹചര്യമൊരുങ്ങി. 1937 മെയ്‌ 21 നാണ്‌ കണ്ണൂരില്‍ ചെന്ന സമ്മേളനത്തില്‍ വച്ച്‌ മുസ്ലീം ലീഗിന്റ മലബാറിലെ ആദ്യ ശാഖയും 1937-ല്‍ ഒക്‌ടോബറില്‍ കൊച്ചിയില്‍ കൊച്ചിന്‍ സ്റ്റേറ്റ്‌ കമ്മറ്റിയും രൂപം കൊണ്ടു. 1937ൽ നവംബറില്‍ കോഴിക്കോട്ടും സര്‍വ്വേന്ത്യ മുസ്ലീം ലീഗിന്റ ശാഖ നിലവില്‍ വന്നു. . 1937 ഒക്ടോബര്‍ 3 ന് ലഖ്നൗവില്‍ ചേര്‍ന്ന സര്‍വ്വേന്ത്യാ മുസ്ലിംലീഗ് യോഗത്തിൽ പാര്‍ട്ടിയുടെ പ്രവര്‍ത്തനം തെക്കെ ഇന്ത്യയില്‍ വ്യാപിപ്പിക്കാന്‍ പരിപാടികള്‍ ആസൂത്രണം ചെയ്തു. അങ്ങിനെ ഡിസംബര്‍ 20 ന് മലബാര്‍ ജില്ലാ മുസ്ലിംലീഗ് നിലവില്‍ വന്നു. തലശ്ശേരി ആസ്ഥാനമായ കമ്മിറ്റിയുടെ പ്രസിഡണ്ട്‌ അറയ്‌ക്കല്‍ അബദുറഹിമാന്‍ അലി രാജാസാഹിബും സെക്രട്ടറി സത്താര്‍ സേട്ടു സാഹിബുമായിരുന്നു. എം.ഹസ്സന്‍ കോയ, കെ. ഉപ്പിസാഹിബ്‌ എന്നിവര്‍ വൈസ്‌ പ്രസിഡണ്ടുമാര്‍, കെ.എം. സീതി സാഹിബ്‌, ജോ: സെക്രട്ടറിമാര്‍, സി.പി. മമ്മുക്കേയി ട്രഷ്‌റര്‍ എന്നിവരടങ്ങിയ കമ്മിറ്റിയുടെ പ്രഗത്ഭനായ ഒരു ജോ: സെക്രട്ടറി എം.വി ഹൈദ്രോസ് വക്കീലായിരുന്നു.


1942-ല്‍ കോഴിക്കോട് നഗരസഭക്ക് ഒരു നോമിനേറ്റഡ് കൗണ്‍സില്‍ രൂപീകരിക്കുകയുണ്ടായി. കെ.വി സൂര്യനാരായണയ്യര്‍ ചെയര്‍മാനായുള്ള പ്രസ്തുത സമിതിയിൽ ബാഫഖി തങ്ങൾ, പി.പി ഹസ്സന്‍കോയ, കൊയപ്പത്തൊടി അഹമ്മദ്കുട്ടി ഹാജി, പി.ഐ അഹമ്മദ് കോയ ഹാജി മുതലായവരുടെ കൂടെ ഹൈദ്രോസ് വക്കീലും അംഗമായിരുന്നു. 1946ൽ മദ്രാസ് അസ്സംബ്ലിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ പാലക്കാട് മുഹമ്മദൻ റൂറൽ മണ്ഡലത്തിൽ മുസ്ലിം ലീഗ് ടിക്കറ്റിൽ മത്സരിച്ചു വിജയിച്ചു.


ഫാറൂഖ് കോളേജ് :


മലബാറിൽ വിദ്യാഭ്യാസ വിപ്ലവത്തിന് നാന്ദികുറിച്ച ഫാറൂഖ് കോളേജിന്റെ ചരിത്രം ഹൈദ്രോസ് വക്കീലിന്റെ പേര് പറയാതെ പൂർത്തിയാവില്ല. അബുസ്സബാഹ് മൗലവി, എം കുഞ്ഞോയി വൈദ്യര്‍ പോലുള്ളവരുടെ നായകത്വത്തിൽ തുടക്കം കുറിച്ച റൗളത്തുൽ ഉലൂം അസോസിയേഷൻ സ്ഥാപക സെക്രട്ടറി ആയിരുന്നു അദ്ദേഹം. ഈ സംഘമായിരുന്നു ഫാറൂഖ്‌ കോളേജ്‌, റൗളത്തുൽ ഉലൂം സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. ഫാറൂഖ് കോളേജിന് മദ്രാസ്‌ സർവ്വകലാശാലയിൽ നിന്ന് അംഗീകാരം ലഭിക്കാനായി കാശ് തികയാതെ വന്നപ്പോൾ കോഴിക്കോട്ടെ വട്ടംപൊയിലിലെ സ്വന്തം വീടും ഭൂമിയും പോലും പണയപ്പെടുത്തുക പോലുമുണ്ടായി. കെ.എം സീതി സാഹിബ്, സയ്യിദ് അബ്ദുല്‍ റഹിമാന്‍ ബാഫഖി തങ്ങള്‍, ഹൈദ്രോസ് വക്കീല്‍, എ.കെ ഖാദര്‍ കുട്ടി സാഹിബ്, ഹാജി സത്താര്‍ സേട്ട് സാഹിബ് തുടങ്ങിയ മുസ്‌‌ലിം ലീഗ് നേതാക്കള്‍, രാജാ അബ്ദുല്‍ ഖാദര്‍ ഹാജിയെ പോലുള്ള വ്യവസായ പ്രമുഖര്‍, കുഞ്ഞോയി വൈദ്യരെപോലുള്ള സാമൂഹ്യ പ്രവര്‍ത്തകര്‍ ഏക്രക്കണക്കിന് ഭൂമി വിട്ടു നല്‍കിയ പുളിയാളി അബ്ദുള്ളക്കുട്ടി ഹാജിയെ പോലുള്ളവര്‍ നടത്തിയ ആ വിപ്ലവമാണ് ഇന്നിന്റെ നമ്മുടെ വിദ്യാഭ്യാസ പുരോഗതിയുടെ അടിത്തറ.


അവസാന കാലം:


സ്വാതന്ത്രാനന്തരം മറ്റു പല പ്രമുഖരെ പോലെ ഇദ്ദേഹവും ലീഗുമായി അകന്നു. എന്നാലും ഫാറൂഖ് കോളേജിന്റെ പ്രവർത്തനത്തിൽ നിറ സാന്നിദ്ധ്യമായിരുന്നു. ഇടക്ക് പി കെ മൊയ്‌തീൻ കുട്ടി സാഹിബിന്റെ കൂടെ സോഷ്യലിസ്റ്റ് പാർട്ടിയുമായി സഹകരിക്കുകയുണ്ടായി എന്നും പറയപ്പെടുന്നുണ്ട്. അക്കാലത്ത് കുറ്റിപ്പുറത്തിനടുത്ത തിരുനാവായയിൽ കെ കെ അബൂ സാഹിബ്, പി കെ മൊയ്തീൻകുട്ടി സാഹിബ്, കെ എസ് ജലീൽ (മെഹർ എന്നപേരിൽ അറിയപ്പെട്ട മാപ്പിളപ്പാട്ട് രചയിതാവാണ് എസ്.കെ .എസ്. ജലീൽ തങ്ങൾ) തുടങ്ങിയവരുടെ നേത്രത്വത്തിൽ നടന്ന സോഷ്യലിസ്റ്റ് സമ്മേളനത്തിൽ വക്കീലും ഭാഗമായിരുന്നു എന്ന് സംഘാടകരിൽ ഒരാളായ ജസ്റ്റിസ് സംശുദ്ധീൻ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. പ്രശസ്ത സാഹിത്യകാരനായിരുന്ന പള്ളിക്കര വി പി മുഹമ്മദ് അവതരിപ്പിച്ച പ്രമേയത്തിന്റെ ചുരുക്കം " മുസ്ലിങ്ങൾക്ക് വിദ്യാഭ്യാസപരമായും മുഖ്യധാരയിൽ മെച്ചപ്പെട്ട സമൂഹമായും ഉയരാൻ സഹായിക്കുന്ന സാമൂഹിക സാംസ്കാരിക സംഘടനകൾ ആണ് ആവശ്യം. സാമുദായികമായി സംഘടിക്കുന്ന മുസ്ലിം രാഷ്ട്രീയ പാർട്ടി വേണ്ട" എന്നായിരുന്നു. "തിരുന്നാവായയിലെ കൺഫ്യൂഷൻ" എന്ന തലക്കെട്ടിൽ ഇതിനെതിരെ ചന്ദ്രിക മുഖപ്രസംഗം എഴുതിയിരുന്നു.


1972 ജൂലൈ 5 ന് ആ ധന്യ ജീവിത അവസാനിച്ചു. കോഴിക്കോട് മമ്മുട്ടി കളത്തിങ്ങൽ -ഇയ്യാത്തു മാളിയേക്കൽ ദമ്പതികളുടെ മകളായ ഇമ്പിച്ചിബി ആയിരുന്നു ഭാര്യ. 1996ൽ തന്റെ 81 മത്തെ വയസ്സിൽ മഹതിയും മരിച്ചു. അബ്ദുൽ റഹ്മാൻ വക്കീലടക്കം പതിനൊന്ന് മക്കലുണ്ടായിരുന്നു. അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ .. ആമീൻ

Recent Posts

See All

ഫലം നൽകിയ പടുവൃക്ഷം

‘എഴുത്താണെനിക്ക് ജോലി അരച്ചായെനിക്ക് കൂലി എഴുതിക്കുന്നോർക്കിത് ജോളി എനിക്കെന്നും കീശ കാലി…’ ഇത് ഒരു മപ്പിളകവിയുടെ വരികളാണു. വ്യക്തമായി പറഞ്ഞാൽ താനെഴുതിയ കവിതകൾ പ്രസിദ്ധീകരണങ്ങൾക്ക് അയച്ചുകൊടുത്തിട്ടും

bottom of page